Archive for the ‘Hot News’ Category

ഗുരുവായൂര്‍ താലപ്പൊലിസംഘം പുരസ്‌കാരം കോമരം ദാമോദരന്‍ നായര്‍ക്ക് സമ്മാനിച്ചു

Tuesday, August 17th, 2010

ഗുരുവായൂര്‍: ക്ഷേത്ര കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗുരുവായൂര്‍ താലപ്പൊലി സംഘം ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത്കാവ് കോമരം അഴീക്കല്‍ ദാമോദരന്‍ നായര്‍ക്ക് സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതരിപ്പാടാണ് പുരസ്‌കാരം സമ്മാനിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് കോമരത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ സംഘടനകളും വ്യക്തികളും ക്ഷേത്രക്കമ്മിറ്റി പ്രവര്‍ത്തകരും കോമരത്തെ പൊന്നാട അണിയിച്ചു. താന്ത്രികാചാര്യന്‍ എന്‍. ഗിരീഷ് കുമാര്‍ പ്രഭാഷണം നടത്തി. താലപ്പൊലി സംഘം പ്രസിഡന്റ് എന്‍. പ്രഭാകരന്‍ നായര്‍ അധ്യക്ഷനായി. സെക്രട്ടറി കൃഷ്ണാനന്ദ്, വൈസ്​പ്രസിഡന്റ് പരമേശ്വരപ്പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ മുതല്‍ ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചനയും നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു.

രാമായണ പ്രശേ്‌നാത്തരി

Saturday, August 14th, 2010

ഗുരുവായൂര്‍: പുരാതന തറവാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി രാമായണ പ്രശേ്‌നാത്തരി മത്സരം ആഗസ്ത് 15ന് നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍: 9846193438, 996111 9999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പുസ്തകവിതരണം

Saturday, August 14th, 2010

ഗുരുവായൂര്‍: ഫ്രണ്ട്‌സ് മാണിക്കത്തുപ്പടിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നോട്ടുബുക്ക് വിതരണം നടത്തും.

ആഗസ്ത് 15ന് പത്തുമണിക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീത ഗോപി ഉദ്ഘാടനം ചെയ്യും. 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കും.

പെന്‍ഷന്‍ പരിഷ്‌കരണം പിന്‍വലിക്കണം

Saturday, August 14th, 2010

ഗുരുവായൂര്‍: സഹകരണ ജീവനക്കാരെ ദ്രോഹിക്കുന്ന പെന്‍ഷന്‍ പരിഷ്‌കരണ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ചാവക്കാട് റൂറല്‍ ബാങ്ക് യൂണിറ്റ് ആവശ്യപ്പെട്ടു.

എം.ബി. സുധീര്‍, ജെയ്‌സണ്‍ ജോര്‍ജ്, ഇ.എഫ്. ജോസഫ്, പി.കെ. ജോര്‍ജ്, സി.വി. സുധീരന്‍, ടി. വിജയകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗുരുവായൂര്‍-താനൂര്‍ പാത: അഭിപ്രായവ്യത്യാസം നീക്കണം ചേംബര്‍ ഓഫ് കൊമേഴ്‌സ്

Saturday, August 14th, 2010

ഗുരുവായൂര്‍: ഗുരുവായൂര്‍-താനൂര്‍പാതയുടെ വികസനത്തിനായി രാഷ്ട്രീയകക്ഷികള്‍ അഭിപ്രായവ്യത്യാസങ്ങള്‍ നീക്കി തീരുമാനത്തിലെത്തണമെന്ന് ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പി.വി. മുഹമ്മദ്‌യാസിന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി രവി ചങ്കത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.പി.എ. റഷീദ്, ടി.വി. ഉണ്ണികൃഷ്ണന്‍, പി.എന്‍. സുഭാഷ്ചന്ദ്രന്‍, പി. മുരളീധരന്‍, കെ. ഗോപിനാഥന്‍ നായര്‍, അഡ്വ. സെബി, കെ.വി. അബ്ദുള്‍ഗഫൂര്‍, എം.കെ. നാരായണന്‍ നമ്പൂതിരി, ആര്‍.വി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റായി പി.വി. മുഹമ്മദ്‌യാസിനും സെക്രട്ടറിയായി രവി ചങ്കത്തും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ടി.വി. ഉണ്ണികൃഷ്ണന്‍ (ജോ. സെക്ര), കെ.പി. റഷീദ് (വൈ.പ്രസി), കെ. മോനുട്ടി (ഖജാ) എന്നിവര്‍ മറ്റു ഭാരവാഹികളാണ്.

ആസ്‌പത്രിയില്‍ നിന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചു

Saturday, August 14th, 2010

ഗുരുവായൂര്‍: ഗുരുവായൂര്‍ കൈരളി ആസ്​പത്രിയില്‍ നിന്ന് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടികൂടി.

ഹെല്‍ത്ത് സൂപ്രണ്ട് ടി. അച്യുതന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ആസ്​പത്രിയില്‍ പരിശോധന നടത്തി ക്യാരിബാഗുകള്‍ പിടികൂടിയത്. 500 ലേറെ ബാഗുകള്‍ ഉണ്ടായിരുന്നതായി സംഘം അറിയിച്ചു.

നഗരസഭയുടെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ കൂടുതലായി സഹകരിക്കേണ്ട ആസ്​പത്രി അധികൃതര്‍ തന്നെ വീഴ്ചകള്‍ വരുത്തിയാല്‍ നടപടി എടുക്കേണ്ടിവരുമെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കി.

ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം പ്രഭാകരന്

Saturday, August 14th, 2010

ഗുരുവായൂര്‍:അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂര്‍ ദേവസ്വം നല്‍കിവരുന്ന ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രകലാ പുരസ്‌കാരത്തിന് തുള്ളല്‍ ആചാര്യന്‍ കലാമണ്ഡലം പ്രഭാകരനെ തിരഞ്ഞെടുത്തു.

10001 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. എളമക്കര സ്വദേശിയായ പ്രഭാകരന്‍ ഓട്ടന്‍തുള്ളല്‍, ശീതങ്കന്‍തുള്ളല്‍, പറയന്‍തുള്ളല്‍ എന്നിവയില്‍ ഒരുപോലെ പ്രഗല്ഭനാണ്. കേരള സംഗീത നാടക അക്കാദമി, കേരളകലാമണ്ഡലം, കുഞ്ചന്‍ സ്മാരകം എന്നിവയുടെ അവാര്‍ഡുകള്‍ ഈ 65കാരന് ലഭിച്ചിട്ടുണ്ട്.

അഷ്ടമിരോഹിണി ദിനമായ സപ്തംബര്‍ ഒന്നിന് നടക്കുന്ന സാംസ്‌കാരികസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രനും അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. രഘുരാമനും അറിയിച്ചു.

ഗുരുവായൂര്‍ പുരാതന തറവാട്ടുകൂട്ടായ്മയുടെ സ്ഥാപകദിനാഘോഷ സ്വാഗതസംഘം രൂപവത്കരണയോഗം. ഗുരുവായൂര്‍ ശ്രേയസ് ഭവന്‍ 10.00.

Sunday, August 8th, 2010

ഗുരുവായൂര്‍ പുരാതന തറവാട്ടുകൂട്ടായ്മയുടെ സ്ഥാപകദിനാഘോഷ സ്വാഗതസംഘം രൂപവത്കരണയോഗം. ഗുരുവായൂര്‍ ശ്രേയസ് ഭവന്‍ 10.00.

രാമായണം കഥ കേരളനടനമായി അരങ്ങിലെത്തി

Sunday, August 8th, 2010

ഗുരുവായൂര്‍: രാമായണം കഥകള്‍ കേരളനടനത്തിന്റെ രൂപത്തില്‍ അരങ്ങിലെത്തിയത് ശ്രദ്ധേയമായി.

ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു 10 നര്‍ത്തകര്‍ ചേര്‍ന്ന് കേരളനടനമാടിയത്. ദുബായ് ‘സിംഫണി’യിലെ കീര്‍ത്തി ദിവാകര്‍, കലാ ഗോകുല്‍ദാസ്, കവിത പരമേശ്വരന്‍, പൂജ, കൃഷേ്ണന്ദു, നിരഞ്ജന വേണു, അഭിരാമി പ്രേംകുമാര്‍, അഭിഷേക് ചന്ദ്രന്‍, വര്‍ഷ വിനോദ് എന്നിവരാണ് അരങ്ങിലെത്തിയത്.

ഒരു മണിക്കൂര്‍ നീണ്ട കേരളനടനം കൃഷ്ണകുമാറാണ് ചിട്ടപ്പെടുത്തിയത്. ഊരകം ശ്രീകുമാറാണ് പാട്ട്. ആര്‍.എല്‍.വി. മനോജ് (മൃദംഗം), ദിനപാലന്‍ ഇരിങ്ങാലക്കുട (വയലിന്‍), ഉണ്ണി പെരുമ്പാവൂര്‍ (പുല്ലാങ്കുഴല്‍), തൃപ്പൂണിത്തുറ ഹരി (ഇടയ്ക്ക), കലാനിലയം കലാധരന്‍ (ചെണ്ട), കലാനിലയം പ്രകാശന്‍ (മദ്ദളം) എന്നിവര്‍ പക്കമേളമൊരുക്കി.

പിറന്നാള്‍ ദിനത്തില്‍ പുതൂരിന് ഗുരുവായൂരിന്റെ ആദരം

Sunday, August 8th, 2010

ഗുരുവായൂര്‍: പിറന്നാളാണെന്ന് ഉണ്ണികൃഷ്ണന്‍ പുതൂര്‍ ആരോടും പറഞ്ഞില്ല. എങ്കിലും ഗുരുവായൂരിലുണ്ടായിരുന്ന ജ്ഞാനപീഠം ജേതാവ് ഡോ.യു.ആര്‍. അനന്തമൂര്‍ത്തി അറിഞ്ഞു. മുറിയിലെത്തിയ ഉണ്ണികൃഷ്ണന്‍ പുതൂരിനെ കസവുമുണ്ട് അണിയിച്ച് ആശ്ലേഷിച്ചു പറഞ്ഞു, ”നാരായണീയം ഗ്രന്ഥകാരന്‍ മേല്പത്തൂര്‍ പ്രാര്‍ത്ഥിച്ച ആയുരാരോഗ്യസൗഖ്യം അങ്ങേയ്ക്ക് നേരുന്നു”. ആത്മസംഘര്‍ഷങ്ങളുടെ കഥാകാരന്‍ അന്തംവിട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ഏറെ സംഭാവന നല്‍കിയ പുതൂരും ഞാനും രണ്ടു സംസ്ഥാനങ്ങളിലുള്ളവരാണെങ്കിലും ഒരേ മനസ്സും ഒരേ ആദര്‍ശവും ഉള്ളവരാണ്. രണ്ടുപേരും ഡോ.റാം മനോഹര്‍ ലോഹ്യയുടെ അനുയായികളാണ്- അനന്തമൂര്‍ത്തി പറഞ്ഞു. സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്)പാര്‍ട്ടിയുടെ പ്രഖ്യാപനത്തിനായി തൃശ്ശൂരില്‍ എത്തിയ ഡോ.അനന്തമൂര്‍ത്തി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയതായിരുന്നു. ശനിയാഴ്ച പുതൂരിന്റെ എഴുപത്തിയേഴാം പിറന്നാളാണെന്ന് ഒരു പത്രപ്രവര്‍ത്തകന്‍ പറഞ്ഞാണ് അനന്തമൂര്‍ത്തി അറിഞ്ഞത്. കൂടിനിന്നവര്‍ക്ക് ഡോ. അനന്തമൂര്‍ത്തി മധുരപലഹാരം വിതരണം ചെയ്തു.

ഡോ.അനന്തമൂര്‍ത്തി രാവിലെ എട്ടിന് ക്ഷേത്രത്തിലെത്തി ഗുരുവായൂരപ്പനെ വണങ്ങി കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയില്‍ നിന്നു പ്രസാദം സ്വീകരിച്ചു. ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സോമസുന്ദരന്‍, സൂപ്രണ്ട് ശങ്കുണ്ണിരാജ് എന്നിവരാണ് ദര്‍ശനസൗകര്യം ഒരുക്കിയത്. ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തിയ അനന്തമൂര്‍ത്തിക്ക് ഗുരുവായൂരിന്റെ ഉപഹാരമായി നിലവിളക്ക് ഡോ. ഹരിനാരായണന്‍ നല്‍കി. ഷാജു പുതൂര്‍, ബാബു അണ്ടത്തോട്, സജീവന്‍നമ്പിയത്ത് എന്നിവരും പങ്കെടുത്തു.

പിന്നീട് നഗരസഭയുടെ ഔദ്യോഗികച്ചടങ്ങിന് മുഖ്യാതിഥിയായി പുതൂര്‍ എത്തിയപ്പോള്‍ പ്രസംഗകര്‍ അദ്ദേഹത്തെ അനുമോദിച്ചു. റോഡിന് സ്വാതന്ത്ര്യസമരസേനാനി സി.ജി. നായരുടെ പേരുകൊടുക്കുന്ന ചടങ്ങായിരുന്നു അത്. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഗീതാ ഗോപി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വേങ്ങേരി രാമന്‍നമ്പൂതിരി, വൃന്ദാ മുരളീധരന്‍, പ്രതിപക്ഷനേതാവ് പ്രൊഫ.പി.കെ. ശാന്തകുമാരി, ബാലന്‍ വാറണാട്ട്, ജനു ഗുരുവായൂര്‍, വി.എസ്. മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി.വി. മുഹമ്മദ്‌യാസിന്‍, പുരാതന തറവാട്ടു കൂട്ടായ്മ ചെയര്‍മാന്‍ തെക്കുംമുറി മാധവന്‍നായര്‍ എന്നിവരും പുതൂരിനെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി.