കണ്ടാണശ്ശേരിയില്‍ പ്രമുഖരുടെ വാര്‍ഡുകള്‍ക്ക് ഇളക്കം

ഗുരുവായൂര്‍: കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. സുകുദേവനും വൈസ്​പ്രസിഡന്റ് കെ.വി. വിജയനും ഉള്‍പ്പെടെ സി.പി.എമ്മിലെ പ്രമുഖര്‍ മത്സരിച്ച വാര്‍ഡുകളെല്ലാം വനിതാ സംവരണമായി. വേരുറച്ച മണ്ണിലെ ഈ ഇളക്കം പ്രമുഖരെയെല്ലാം പൊല്ലാപ്പിലാക്കി.

സുകുദേവന്റെ സ്വന്തം വാര്‍ഡായ നമ്പഴിക്കാട് പട്ടികജാതി സംവരണമായിരുന്നതിനാല്‍ കണ്ടാണശ്ശേരി വാര്‍ഡില്‍ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. ഈ വാര്‍ഡാണെങ്കില്‍ സി.പി.എമ്മിന് നല്ല സ്വാധീനമുള്ളതുമാണ്.വനിതാസംവരണമായതോടെ കണ്ടാണശ്ശേരിയിലും നമ്പഴിക്കാട്ടും മത്സരിക്കാനാവാത്ത അവസ്ഥയിലാണ് സുകുദേവന്‍. വൈസ്​പ്രസിഡന്റായ കെ.വി. വിജയന്റെ ആളൂര്‍ വാര്‍ഡും വനിതാ സംവരണമായപ്പോള്‍ സുരക്ഷിതമായ ഇടം കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ബി. ശശിധരന്റെ വാര്‍ഡ് വനിതയായപ്പോള്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷാ രാജീവിന്റെ വാര്‍ഡ് ജനറലുമായി. സി.പി.എമ്മിലെ തന്നെ തിലകന്‍ മത്സരിച്ചെത്തിയ 13-ാം വാര്‍ഡാണ് ഇപ്പോള്‍ പട്ടികജാതി സംവരണമായിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ് ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച സി.പി.എമ്മിലെ മോഹന്‍ദാസ് എലത്തൂരിന്റെ വാര്‍ഡും വനിതയായി.

എന്നാല്‍ കോണ്‍ഗ്രസിലെ പ്രമുഖനും പ്രതിപക്ഷനേതാവുമായ എ.എം. മൊയ്തീന്റെ സ്വന്തം വാര്‍ഡായ കലാനഗറിനെ യാതൊരു പോറലും ഏല്പിക്കാതെ ജനറലായി തന്നെ നിലനിര്‍ത്തി. പ്രതിപക്ഷത്തെ മറ്റംഗങ്ങളായ ജാന്‍സി ഫ്രാന്‍സിസ്, ബിജി ജോബ് എന്നിവരുടെ വാര്‍ഡുകള്‍ ജനറലുമായി. പുതുതായി വിഭജിക്കപ്പെട്ടതു പ്രകാരം കണ്ടാണശ്ശേരി പഞ്ചായത്തില്‍ 16 വാര്‍ഡുകളാണുള്ളത്. ഇതില്‍ 8 വനിത,7 ജനറല്‍, 1 പട്ടികജാതി സംവരണം എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്.


No Comments so far.

Leave a Reply