ഓം നമോ നാരായണായ യഥോധര്‍മ്മസ്തതോജയഃ
Created by grupo mayan

GURUVAYOOR.NET

Guruvayoor Networks

സ്വാമി ചിന്മയാനന്ദന്‍: മങ്ങാത്ത ജ്ഞാനദീപം

ശബരിമലയില്‍ പോയിട്ടുള്ളവര്‍ക്കും ശബരിമലയുടെ ചിത്രം കണ്ടിട്ടുള്ളവര്‍ക്കും ആദ്യം മനസില്‍ വരുന്നതു പതിനെട്ടാംപടിക്കു മുകളില്‍, നാലമ്പലത്തിന്‍റെ മുനമ്പില്‍ എഴുതിയ തത്വമസി എന്ന ബോര്‍ഡാണ് സ്വാമി ചിന്മയാനന്ദന്‍റെ നിര്‍ദേശാനുസരണം സ്ഥാപിച്ചതാണത് ഈ ബോര്‍ഡ് എന്ന് ഇന്നു പലര്‍ക്കുമറിയില്ല ഒരിക്കല്‍ സ്വാമിജി സന്നിധാനത്തു ദര്‍ശനത്തിനു വന്നപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശമായിരുന്നു അത് ഭഗവാനും ഭക്തനും ഒന്നാണെന്ന ഉപനിഷദ് സൂക്തം 
അതു ഞാന്‍ തന്നെയാണ് എന്ന ബോധത്തോടെ ഈശ്വരനെ വണങ്ങുക എന്ന ഉപനിഷദ് സങ്കല്‍പ്പമാണു സ്വാമി ചിന്മയാനന്ദന്‍ ഭക്തരുടെ മുന്നിലേക്കു വച്ചത് കഠിനവ്രതം നോറ്റ്, കാനനപാകള്‍ താണ്ടി, മലകള്‍ കയറി തിരുസന്നിധിയിലെത്തുമ്പോള്‍ ഭഗവാന്‍ താന്‍ തന്നെയാണെന്നും ഈശ്വരാംശം തന്നില്‍ത്തന്നെ ഉണ്ടെന്നും തിരിച്ചറിയുക എന്ന മഹാസങ്കല്‍പ്പം 
സ്വാമി ചിന്മയാനന്ദന്‍ ജനിച്ചിട്ടു നൂറു വര്‍ഷമാകുമ്പോള്‍ അദ്ദേഹത്തെപ്പറ്റി ഓര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒട്ടേറെ കാര്യങ്ങളാണുണ്ട് മനുഷ്യന്‍റെ മനസറിഞ്ഞു സഞ്ചരിച്ച മഹായോഗി സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍ ലളിതമായി ഉപനിഷത്തുക്കളെയും വേദാന്തത്തെയും ഭഗവദ്ഗീതയെയും സരസമായി നൂറുണക്കിനു വേദികളില്‍ അവതരിപ്പിച്ച മഹാപണ്ഡിതന്‍ വിശ്വവേദികളില്‍ ഹൈന്ദവ തത്വചിന്തകളും ഹൈന്ദവ സംസ്കാരവും ഭാരതീയ പൈതൃകവും അവതരിപ്പിച്ച് ഇത്രയേറെ കൈയടി വാങ്ങിയ, ആദരവു നേടിയ മറ്റൊരു മലയാളിയില്ല സ്വാമി ചിന്മയാനന്ദന്‍ കേരളത്തിന്‍റെ അഭിമാനമാണ്, ഭാരതത്തിന്‍റെ പ്രതീകമാണ് 
1916 മെയ് എട്ടിന് കുട്ടന്‍ മേനോന്‍- പാറുക്കുട്ടി ദമ്പതികളുടെ മകനായി എറണാകുളം പൂതംപിള്ളി തറവാട്ടില്‍ ജനിച്ച ബാലകൃഷ്ണ മേനോനാണു പിന്നീടു ലോകമാദരിച്ച സ്വാമി ചിന്മയാനന്ദനായത് എറണാകുളം മോഡേണ്‍ ഇംഗ്ലീഷ് സ്കൂള്‍, മഹാരാജാസ് കോളെജ്, തൃശൂര്‍ സെന്‍റ് തോമസ് കോളെജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 1940ല്‍ ലഖ്നൗ സര്‍വകലാശാലയില്‍ ബാലകൃഷ്ണ മേനോന്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിയായി കോളെജില്‍ നാടകനടനും സാഹിത്യ സമാജം സജീവാംഗവും സര്‍വകലാശാലാ ടെന്നീസ് ടീം അംഗവുമായിരുന്നു 1942ല്‍ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ബാലകൃഷ്ണ മേനോന്‍ ജയിലിലടയ്ക്കപ്പെട്ടു ജ്വരം പിടിച്ചു ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ബ്രിട്ടീഷുകാരനായ ജയിലര്‍ തെരുവിലേക്ക് ഇറക്കിവിട്ടു ഒരു ക്രൈസ്തവ സ്ത്രീ കണ്ടെത്തി സ്വഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി യൂറോപ്പില്‍ യുദ്ധരംഗത്തുള്ള സ്വന്തം മകനുമായി സാദൃശ്യമുള്ള ബാലകൃഷ്ണ മേനോനെ അവര്‍ പരിചരിച്ചു, ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നു 
പിന്നീടു മേനോന്‍ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദമെടുത്തു പത്രപ്രവര്‍ത്തനം ലക്ഷ്യമാക്കി 1945ല്‍ ഡല്‍ഹിയിലെത്തിയ അദ്ദേഹത്തിനു നാഷണല്‍ ഹെറാള്‍ഡ് പത്രത്തില്‍ ലേഖകനായി ജോലി ലഭിച്ചു സന്യാസിമാര്‍ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നതിനെപ്പറ്റി ഫീച്ചര്‍ തയാറാക്കാന്‍ 1947ല്‍ ഋഷീകേശില്‍ പോകുന്നിടത്താണ് ഇദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഗതിമാറ്റം അവിടെ ശിവാനന്ദ സ്വാമിയുടെ ആശ്രമത്തില്‍ താമസിച്ചു കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങി താന്‍ കരുതിവന്നതുപോലെയല്ല സന്യാസിമാരുടെ ജീവിതമെന്നു ബാലകൃഷ്ണ മേനോന്‍ തിരിച്ചറിയുകയായിരുന്നു തത്വചിന്താഗ്രന്ഥങ്ങള്‍ വായിച്ചു പഠിക്കുന്നതിലേക്ക് അദ്ദേഹം നീങ്ങി സ്വാമി ശിവാനന്ദനുമായി ദീര്‍ഘസംഭാഷണങ്ങളില്‍ മേനോന്‍ മുഴുകി ഒരു മാസത്തിനു ശേഷം ഡല്‍ഹിയിലേക്കും പിന്നീട് ഒരു വര്‍ഷത്തിനു ശേഷം ഋഷികേശില്‍ത്തന്നെ തിരിച്ചെത്തുകയും ചെയ്തു യാത്രകള്‍ പലതവണ ആവര്‍ത്തിച്ചു ഒടുവില്‍ 1949 ഫെബ്രുവരി 25നു ബാലകൃഷ്ണ മേനോന്‍ ശിവാനന്ദാശ്രമത്തില്‍ അന്തേവാസിയായി 
തനിക്കും സന്യാസിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അച്ഛന്‍റെ അനുമതി വേണം എന്നായിരുന്നു സ്വാമിയുടെ മറുപടി അനുമതിക്കായി കത്തെഴുതി ജഡ്ജിയായിരുന്ന അച്ഛന്‍റെ അനുമതി ലഭിച്ചതോടെ സ്വാമി ചിന്മയാനന്ദ സരസ്വതി എന്ന പേരില്‍ അദ്ദേഹത്തിന് സ്വാമി ശിവാനന്ദന്‍ സന്യാസ ദീക്ഷ നല്‍കി 1949 ഫെബ്രുവരി 29നു ശിവരാത്രി നാളിലാണു ബാലകൃഷ്ണ മേനോന്‍ സ്വാമി ചിന്മയാനന്ദനാകുന്നത് കുറച്ചു കാലത്തിനു ശേഷം ഉത്തരകാശിയില്‍ തപോവനം എന്ന ആശ്രമം സ്ഥാപിച്ചു കഴിയുന്ന മലയാളിയായ തപോവന സ്വാമികളുടെ കീഴില്‍ പഠനം നടത്തിയ ചിന്മയാനന്ദന്‍ ഭഗവത്ഗീതയും ഉപനിഷത്തുകളും ബ്രഹ്മസൂത്രവും പഠിച്ചു ഹിമവദ് വിഭൂതി എന്നറിയപ്പെട്ടിരുന്ന തപോവന്‍ മഹരാജ് അക്കാലത്തു വളരെ പ്രശസ്തനായ സന്യാസിവര്യനായിരുന്നു 
ഗുരുവിന്‍റെ അനുവാദത്തോടെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കു പോയി ആത്മീയ സന്ദേശ പ്രചരണം നടത്തിയ അദ്ദേഹം 1951 നവംബറില്‍ ഗുരുവിന്‍റെ അടുത്തേക്കു മടങ്ങിച്ചെന്നു രാജ്യം മുഴുവന്‍ ഭിക്ഷുവായി അലഞ്ഞും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും ഉറങ്ങിയുമാണ് ആറു മാസം കഴിച്ചു കൂട്ടിയത് വേദാന്ത തത്വചിന്തയുടെ പ്രചാരണത്തിനു വേണ്ടി ഗീതാപ്രഭാഷണങ്ങള്‍ നടത്താനുള്ള ആഗ്രഹം ഗുരുവിനെ അറിയിച്ചു താന്‍ പഠിച്ചതും അറിഞ്ഞതും മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നു കൊടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം നാലു ശ്രോതാക്കളെ കിട്ടുകയാണെങ്കില്‍ പ്രഭാഷണം ആകാമെന്നായിരുന്നു തപോവന സ്വാമികളുടെ ഉപദേശം 
കേവലം നാലു കേള്‍വിക്കാരാണു സ്വാമി ചിന്മയാനന്ദന്‍റെ ആദ്യ പ്രഭാഷണത്തിനെത്തിയത്, 1951 ഡിസംബര്‍ 31ന് പൂനെയില്‍ രാസ്താപേട്ട് വിനായകക്ഷേത്രമായിരുന്നു വേദി 100 ദിവസത്തെ കഠോപനിഷദ് യജ്ഞമാണു പദ്ധതിയിട്ടത് ദിവസം ചെല്ലുന്തോറും കേള്‍വിക്കാരുടെ എണ്ണം വര്‍ധിച്ചു കേവലം നാലുപേരില്‍ നിന്നു നൂറുകണക്കിനാളുകളിലേക്കു സദസ് വളര്‍ന്നു നൂറാം ദിനത്തില്‍ സദസ് തിങ്ങിനിറഞ്ഞിരുന്നു പിന്നീടിങ്ങോട്ടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ലോകമെമ്പാടുമായി അഞ്ഞൂറിലേറെ വേദികളില്‍ ഭഗവദ്ഗീതാ ജ്ഞാനയജ്ഞങ്ങള്‍ നടത്തി 
ഇതിനിടെ, വേദാന്ത തത്വങ്ങള്‍ ഇംഗ്ലീഷില്‍ പറയുന്ന സ്വാമിയെ യാഥാസ്ഥിതികരായ പണ്ഡിതന്മാരും പുരോഹിതരും വിമര്‍ശിച്ചു എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ തന്‍റെ യത്നത്തില്‍ ഉറച്ചു നിന്ന സ്വാമിയുടെ പ്രഭാഷണങ്ങള്‍ക്കു ശ്രോതാക്കള്‍ കൂടിക്കൂടി വന്നു അദ്ദേഹം ഭഗവദ്ഗീതയെ സാര്‍വജനീനമാക്കി ജീവിതത്തിന്‍റെ കൈപ്പുസ്തകമാക്കി അവതരിപ്പിച്ചു ഗീതയിലൂടെ ജീവിതവിജയം നേടാന്‍ പഠിപ്പിച്ചു ഗീതാപഠനം ആനന്ദത്തിന്‍റെ ഘോഷയാത്രയാക്കി ജീവിതഗന്ധിയായി ആ ചെറു പുസ്തകത്തെ അവതരിപ്പിച്ച സ്വാമി ലോകാരാധ്യനായി ഗീത ഓരോ മനുഷ്യനെയും എങ്ങനെ ശാക്തീകരിക്കുന്നു എന്നത് അദ്ദേഹം ലോകമെമ്പാടുമെത്തിച്ചു 
1953ലാണു സ്വാമിയുടെ അര്‍ധസമ്മതത്തോടെ അദ്ദേഹത്തിന്‍റെ ചെന്നൈയിലെ അനുയായികള്‍ ചിന്മയ ഫൗണ്ടേഷന്‍ സ്ഥാപിച്ചത് ആത്മീയം, വിദ്യാഭ്യാസം, ജീവകാരുണ്യം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ലക്ഷ്യം ഇന്നു മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചിന്മയ മിഷന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശാഖകളുണ്ട് കേരളത്തില്‍ മാത്രം 30 കേന്ദ്രങ്ങള്‍ 30 സ്കൂളുകള്‍, ഏഴു കോളെജുകള്‍, എട്ടു ക്ഷേത്രങ്ങള്‍ രാജ്യത്തൊട്ടാകെ 85ലേറെ സ്കൂളുകള്‍ ചിന്മയ മിഷന്‍ നടത്തുന്നു രാജ്യത്തിന്‍റെ പല ഭാഗങ്ങളിലായി ആശുപത്രികള്‍, അനാഥാലയങ്ങള്‍, ആശ്രമങ്ങള്‍ എന്നിവയുമുണ്ട് 
ആധ്യാത്മികരംഗത്തേക്കു കടന്നുവരാന്‍ താതാപര്യമുള്ളവരെ സൗജന്യമായി പരിശീലിപ്പിക്കുന്ന ഹിന്ദു സെമിനാരി 1963ല്‍ അദ്ദേഹം മുംബൈയില്‍ സ്ഥാപിച്ചു സന്ദീപനി സാധനാലയം എന്ന ഈ വിദ്യാപീഠത്തില്‍ നിന്നു ശിക്ഷണം ലഭിച്ചിറങ്ങിയ ആയിരക്കണക്കിനാളുകള്‍ ഇന്നു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആധ്യാത്മികരംഗത്തു പ്രവര്‍ത്തിക്കുന്നു 1992ല്‍ ഐക്യരാഷ്ട്ര സഭയില്‍ പ്ലാനറ്റ് ഇന്‍ കൈസിസ് (ഭൂമി പ്രതിസന്ധിയില്‍) എന്ന ശ്രദ്ധേയമായ പ്രഭാഷണം സ്വാമി ചിന്മയാനന്ദന്‍ നടത്തി അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ആഗോള മത പാര്‍ലമെന്‍റിന്‍റെ ശതാബ്ദി സമ്മേളനത്തില്‍ ഹിന്ദുമതാധ്യക്ഷന്‍ അദ്ദേഹമായിരുന്നു വിശ്വഹിന്ദു പരിഷത്ത് എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നതില്‍ സ്വാമി വഹിച്ച പങ്കു വളരെ വലുതാണ് 1982ല്‍ കൊച്ചിയില്‍ നടന്ന വിശാല ഹിന്ദുസമ്മേളനത്തിന്‍റെ മുഖ്യ സംഘാടകനും അദ്ദേഹമായിരുന്നു കര്‍ക്കിടക മാസം രാമായണ മാസമായി ആഘോഷിക്കാന്‍ ആ വിശാല ഹിന്ദുസമ്മേളനമാണു തീരുമാനമെടുത്തത് ഇന്നു രാമായണമാസാചരണം കേരളത്തിന്‍റെ സമാജോത്സവമാണ് ജാതി വ്യത്യാസമില്ലാതെ യോഗ്യരായ സകല ഹിന്ദുക്കള്‍ക്കും പൂജാധികാരം നല്‍കുക എന്ന പാലിയം വിളംബരത്തിനു ചുവടുവയ്പ്പായതും കൊച്ചിയില്‍ നടന്ന വിശാലഹിന്ദു സമ്മേളനമാണ് 
1993 ഓഗസ്റ്റ് ആറു മുതല്‍ എട്ടു വരെ വാഷിങ്ടണില്‍ നടന്ന വേള്‍ഡ് വിഷന്‍- 2000 എന്ന മത സമ്മേളനത്തില്‍ സ്വാമിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ഓഗസ്റ്റ് മൂന്നിന്, 77ാം വയസില്‍ സ്വാമി ചിന്മയാനന്ദന്‍ സമാധിയായി ചിക്കാഗോയില്‍ വച്ചായിരുന്നു അന്ത്യം ഭാരതത്തിലേക്കു കൊണ്ടുവന്ന ഭൗതികശരീരം ഹിമാലയത്തിലെ സിദ്ധബാഡിയിലുള്ള ആശ്രമത്തിലാണു സമാധിയിരുത്തിയത് 
സ്വാമി വിവേകാനന്ദന്‍റെ പ്രഭാഷണങ്ങളും ചിന്തകളും ഗ്രന്ഥങ്ങളും ആവേശോജ്വലമാണ് എന്നാല്‍, ആ ആവേശത്തിനു തുടര്‍ച്ച കിട്ടാന്‍, ആവേശമുള്ള ജനതയെ ആധ്യാത്മികതയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശാസ്ത്രീയമായ ആത്മീയ അടിത്തറ വേണമെന്നു സ്വാമി ചിന്മയാനന്ദന്‍ വിശ്വസിച്ചു യുവാക്കളെ ആവേശോജ്വലരാക്കുന്നതിനൊപ്പം, അവരെ ആധ്യാത്മികതയിലും സംസ്കാരത്തിലും ഉറപ്പിച്ചു നിര്‍ത്താന്‍ ഭഗവദ് ഗീത പോലൊരു ഗ്രന്ഥത്തെയാണു സ്വാമി തെരഞ്ഞെടുത്തത് 
ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ അജ്ഞാനാന്ധകാരത്തില്‍ വഴികാണാതെ അലഞ്ഞ ജനതയെ ശ്രേയോമാര്‍ഗത്തിലേക്കു വഴികാട്ടിയ ജ്ഞാനസൂര്യനാണു ചിന്മയാനന്ദ സ്വാമികള്‍ വേദോപനിഷത്തുകളിലെ ജ്ഞാനം ജനങ്ങളിലെത്തിക്കുക എന്നു സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്ത ലക്ഷ്യം നിറവേറ്റാന്‍ സ്വാമി ചിന്മയാനന്ദന്‍ ഗണ്യമായ സംഭാവനയാണു നല്‍കിയത് പാശ്ചാത്യസംസ്കാരത്തിന്‍റെ പുറംമോടിയില്‍ മതിമറന്നു പൈതൃക സംസ്കാരത്തെ തികച്ചും വിസ്മരിച്ചു ജീവിതം നയിച്ച വിദ്യാസമ്പന്നരില്‍ വലിയൊരു പങ്ക് ആളുകളെ ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ അജ്ഞാനനിദ്രയില്‍ നിന്നുണര്‍ത്താനും വേദാന്തദര്‍ശനത്തിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിനു സാധിച്ചു

Updated: — 6:44 am
श्री कृष्ण सन्देश प्रजार वेधी © 2017 Thaliyogam.com
Skip to toolbar