ഗുരുവായൂര് ക്ഷേത്രം ഇടത്തരികത്തുകാവില് താലപ്പൊലി ആഘോഷിച്ചു
ഗുരുവായൂര്‍: ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില് ഭഗവതിക്ക് ഭക്തിനിര്ഭരമായ ചടങ്ങുകളോടെ താലപ്പൊലി ആഘോഷിച്ചു. ഗുരുവായൂര് ദേവസ്വത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ചൊവ്വാഴ്ച രാവിലെ അഭിഷേകം നടത്തി. ഉച്ചയ്ക്ക് പല്ലശ്ശന മുരളിയുടെ പ്രമാണത്തില്‍ പഞ്ചവാദ്യം, കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ മേളം എന്നിവയോടെ എഴുന്നള്ളിപ്പ് നടന്നു. ഭഗവതിക്ക് പറനിറയ്ക്കല്‍ എന്ന വിശേഷപ്പെട്ട ചടങ്ങ് ക്ഷേത്രം കിഴക്കേ നടപ്പുരയിലായിരുന്നു നടന്നത്. തുടര്ന്ന് കുളപ്രദക്ഷിണവും നടത്തി. രാത്രിയും എഴുന്നള്ളിപ്പുണ്ടായി.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില് രാവിലെ മുതല്‍ കലാപരിപാടികള്‍ നടന്നു. ജനാര്ദ്ദനന് നെടുങ്ങാടിയുടെ അഷ്ടപദി, കുളത്തൂര്‍ കുമാരന്റെ ആധ്യാത്മിക പ്രഭാഷണം, വിജിത വിജയന്‍, നിതീഷ്, ശ്രീകാന്ത് എന്നിവര് നയിച്ച ഭക്തിഗാനസുധ, കൊട്ടാരക്കര ശ്രീഭദ്രയുടെ 'സംഹാരദുര്‍ഗ' ബാലെ എന്നിവയായിരുന്നു പരിപാടികള്.
ഗുരുവായൂരില് ശാന്തിമാറ്റം
ഗുരുവായൂര്:ക്ഷേത്രത്തില് കീഴ്ശാന്തിമാരുടെ ശാന്തിമാറ്റം ഞായറാഴ്ച വൈകുന്നേരം ദീപാരാധനയ്ക്കുശേഷം നടന്നു. മുളമംഗലം ഗോവിന്ദന് നമ്പൂതിരിയും മേച്ചേരി നാരായണന് നമ്പൂതിരിയും സ്ഥാനം ഒഴിഞ്ഞു. അക്കാരപ്പള്ളി മാധവന് നമ്പൂതിരി, നാഗേരി കേശവന് നമ്പൂതിരി എന്നിവര് ചുമതലയേറ്റു.
ക്ഷേത്രത്തിനോട് ബന്ധപ്പെട്ട 13 കീഴ്ശാന്തി ഇല്ലങ്ങളിലെ 80 ഓളം കീഴ്ശാന്തിക്കാരുടെ പ്രവൃത്തിയ്ക്ക് നേതൃത്വം നല്കേണ്ടത് ശാന്തിയേറ്റ നമ്പൂതിരിമാരാണ്. നിവേദ്യങ്ങള്‍ തയ്യാറാക്കല്‍, ചന്ദനം അരവ്, എഴുന്നള്ളിപ്പുകള്‍, തുടങ്ങിയ ഭാരിച്ച പ്രവൃത്തികളാണ് കീഴ്ശാന്തിക്കാര്ക്കുള്ളത്. 6 മാസമാണ് ശാന്തിയേറ്റ കീഴ്ശാന്തിക്കാരുടെ ചുമതല.
നാരായണം കുളങ്ങരയില് പ്രതിഷ്ഠാദിനം
ഗുരുവായൂര്‍:നാരായണകുളങ്ങര താഴേക്കാവില് ഞായറാഴ്ച പ്രതിഷ്ഠാദിനം ആഘോഷിച്ചു. ഭഗവതിക്ക് രാവിലെ നവകം പഞ്ചഗവ്യം അഭിഷേകം ചെയ്തു. തന്ത്രി തരണനെല്ലൂര്‍ നമ്പൂതിരിപ്പാട് താന്ത്രികച്ചടങ്ങുകള്ക്ക് നേതൃത്വം നല്കി. ഉച്ചയ്ക്ക് നടന്ന പ്രസാദ ഊട്ടില്‍ ഒട്ടേറെ ഭക്തര്‍ പങ്കെടുത്തു.
ഗുരുവായൂര് ക്ഷേത്രത്തില് മുറഹോമം തുടങ്ങി
ഗുരുവായൂര്:ക്ഷേത്രത്തില് ഉത്സവത്തിന് മുന്നോടിയായി മുറഹോമം തുടങ്ങി. സുകൃതഹോമം ഉടനെ തുടങ്ങും. ക്ഷേത്രത്തില് നടത്തിയ അഷ്ടമംഗല പ്രശ്നത്തില്‍ ഉത്സവത്തിന് മുമ്പ് മുറഹോമവും സുകൃതഹോമവും നടത്തണമെന്ന് നിര്ദ്ദേശിച്ചിരുന്നു.
നാലമ്പനത്തിനകത്തെ തെക്കേ വാതില്മാടത്തിലാണ് ഹോമം. തന്ത്രി ചേന്നാസ് വാസദേവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങ്.
ചെറുമുക്ക് വല്ലഭന് സോമയാജിപ്പാട് മുഖ്യകര്മ്മിയാണ്. രാവിലെ മൂന്നരയ്ക്ക് ആരംഭിയ്ക്കുന്ന ഹോമം നാലു മണിക്കൂറോളം ഉണ്ടാകും. ഫിബ്രവരി 18 നാണ് മുറഹോമവും സുകൃതഹോമവും സമാപിക്കുക, അന്നേദിവസം തന്നെ സഹസ്രകലശച്ചടങ്ങുകളും ആരംഭിക്കും. 25 നാണ് സഹസ്രകലശാഭിഷേകം. 26 ന് ഉത്സവം കൊടിയേറും. മാര്ച്ച് ഏഴിന് ആറാട്ടോടെ സമാപിക്കും.
പൂന്താനം ദിനാഘോഷം: കാവ്യോച്ചാരണ മത്സരം
ഗുരുവായൂര്‍: പൂന്താനം ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂള്‍-കോളേജ് വിദ്യാര്ത്ഥികള്ക്കായി ഗുരുവായൂര് ദേവസ്വം കാവ്യോച്ചാരണ മത്സരം നടത്തുന്നു.
എല്‍.പി. വിഭാഗത്തിന് ശ്രീകൃഷ്ണകര്ണ്ണാമൃതത്തിലെ 72 മുതല്‍ 81 വരെയുള്ള ശ്ലോകങ്ങളും ജ്ഞാനപ്പാനയിലെ 1 മുതല്‍ 50 വരെയുള്ള വരികളുമാണ് മത്സരത്തിനുണ്ടാകുക. യു.പി. വിഭാഗത്തിന് ശ്രീകൃഷ്ണകര്ണ്ണാമൃതത്തിലെ 148 മുതല്‍ 162 വരെയുള്ള ശ്ലോകങ്ങളും ജ്ഞാനപ്പാനയിലെ 123 മുതല്‍ 182 വരെയുള്ള വരികളും ഉള്പ്പെടുത്തിയിരിക്കുന്നു.
ഹൈസ്കൂള്‍ വിഭാഗത്തിന് ശ്രീകൃഷ്ണകര്ണ്ണാമൃതത്തിലെ 1 മുതല്‍ 20 വരെയുള്ള ശ്ലോകങ്ങളും ജ്ഞാനപ്പാനയിലെ 82 മുതല്‍ 160 വരെയുള്ള വരികളുമാണ്. കോളേജ് വിഭാഗത്തിന് ശ്രീകൃഷ്ണകര്ണ്ണാമൃതത്തിലെ 31 മുതല്‍ 60 കൂടി ശ്ലോകങ്ങളും ജ്ഞാനപ്പാനയിലെ 169 മുതല്‍ 268 വരെയുള്ള വരികളും മത്സരത്തിനുണ്ടാകും.
ഫിബ്രവരി 13, 14 തീയതികളില്‍ രാവിലെ 9ന് ഗുരുവായൂര് ദേവസ്വം ഓഫീസിലാണ് പൂന്താനം കൃതികളുടെ കാവ്യോച്ചാരണ മത്സരം.
ഉപന്യാസ മത്സരം
ഗുരുവായൂര്‍: പൂന്താനദിനത്തോടനുബന്ധിച്ച് 'പൂന്താനം കൃതികളുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തില്‍ ഉപന്യാസമത്സരം നടത്തും. ഉപന്യാസം ഫുള്സ്കാപ് 40ല്‍ കുറയുവാനോ 50ല്‍ കൂടാനോ പാടില്ല. മികച്ച ഉപന്യാസത്തിന് 2001 രൂപ സമ്മാനം നല്കും. രചനകള്‍ ഫിബ്രവരി 3നകം അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര് ദേവസ്വം, ഗുരുവായൂര് എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. കവറിനു പുറത്ത് 'പൂന്താനദിനം ഉപന്യാസമത്സരം' എന്നെഴുതണം.
ലൈസന്സ് ടെസ്റ്റിന് ഓണ്ലൈനിലൂടെ അപേക്ഷിക്കാം
ഗുരുവായൂര്:ഗുരുവായൂര് സബ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ ലേണേഴ്സ് ലൈസന്സ് ടെസ്റ്റിന് ഫിബ്രവരി ഒന്നുമുതല്‍ ഓണ്ലൈനിലൂടെ അപേക്ഷിക്കാവുന്നതാണെന്ന് ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. വിലാസം: www.keralamvd.gov.in.
ഗുരുവായൂര്: ഇന്റര്സിറ്റി എക്സ്പ്രസ് ട്രെയിന് ഗുരുവായൂരില്നിന്ന് പുറപ്പെടുന്ന സമയം പുലര്ച്ചെ നാലിനാക്കണമെന്ന് റെയില്വേ വികസന കര്മസമിതി ആവശ്യപ്പെട്ടു.
ഷൊര്ണൂര്‍ - എറണാകുളം പാസഞ്ചര്‍ ട്രെയിന് എറണാകുളം-ഗുരുവായൂര് സര്‍വീസിന് ഉപയോഗിക്കുക, കോയമ്പത്തൂര്‍ - തൃശ്ശൂര്‍ പാസഞ്ചര്‍ ഗുരുവായൂരിലേക്ക് നീട്ടുക, തൃശ്ശൂര്‍ - ഗുരുവായൂര് റെയില്‍പാത താനൂരിലേക്ക് നീട്ടുക, അലൈന്മെന്റ്സ്റ്റേഷന് താനൂരായി സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമിതി ജനറല്‍ കണ്‍വീനര്‍ കെ.ജി. സുകുമാരന്‍ റെയില്വേ മന്ത്രിക്കും സഹമന്ത്രിമാര്ക്കും നിവേദനം നല്കി.
പ്രോജക്ട് ഫെല്ലോ ഒഴിവ്
ഗുരുവായൂര്‍:എല്‍.എഫ്. കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ യു.ജി.സി. അനുവദിച്ച മേജര്‍ റിസേര്‍ച്ച് പ്രോജക്ടില്‍ പ്രോജക്ട് ഫെല്ലോയെ ആവശ്യമുണ്ട്. 55 ശതമാനം മാര്ക്കോടെ ബിരുദാനന്തരബിരുദം നേടിയ 40 വയസ്സില്‍ താഴെയുള്ള ഉദ്യോഗാര്‍ഥികള്‍ ജനവരി 30ന് രാവിലെ ഹാജരാകണം.
താണിയില് താലപ്പൊലി ആഘോഷം
ഗുരുവായൂര്:താണിയില് ശ്രീ ഭഗവതി ക്ഷേത്രത്തില് താലപ്പൊലി ആഘോഷം വെള്ളിയാഴ്ച നടക്കും. പുലര്ച്ചെ ഗണപതിഹോമം, അഭിഷേകം, കേളി എന്നിവ നടക്കും. തുടര്ന്ന് സ്ത്രീകളുടെ പായസം വെച്ച് സമര്പ്പണം, നാഗപ്പാട്ട്, നാഗപൂജ. ഉച്ചയ്ക്ക് പഞ്ചവാദ്യത്തോടെ ഉത്സവം എഴുന്നള്ളിക്കും. ഉച്ചതിരിഞ്ഞ് ആഘോഷങ്ങള്‍ കൂട്ടിയെഴുന്നള്ളിക്കും. സന്ധ്യയ്ക്ക് നടയ്ക്കല്പറ, തുടര്ന്ന് ദീപാരാധന, കേളി, തായമ്പക, രാത്രി നാടകം, വിഷ്ണുമായക്കളം, എഴുന്നള്ളിപ്പ്, താലം തുടങ്ങിയവയും ഉണ്ടാകും.
കാവടി എഴുന്നള്ളിപ്പില് സംഘര്ഷം: 28 പേരെ അറസ്റ്റ് ചെയ്തു
അഞ്ഞൂര്‍: അഞ്ഞൂര്‍ പാര്ക്കാടി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് പാര്ക്കാടി പാടത്ത് നടന്ന കാവടിയാട്ടത്തിനിടയില് പ്രകോപനമുണ്ടാക്കിയ കേസില്‍ സി.പി.എം.-ബി.ജെ.പി. പ്രവര്ത്തകരായ 28 യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റഞ്ഞൂര്‍ സ്വദേശികളായ കരുമത്തില്‍ സുരേഷ് (28), ചുള്ളിത്തറ ലിജീഷ് (21), വെള്ളാറ ദിലീപ് (36), കണ്ടമ്പുള്ളി സുബീഷ് (24), അയിനിപ്പുള്ളി സുധീര്‍ (34), എഴുത്തുപുരയ്ക്കല്‍ ഷിജു (32), വിനോദ് മണപ്പറമ്പില്‍ (29), എഴുത്തുപുരയ്ക്കല്‍ ലിഗേഷ് (21), കളത്തില്‍ സനല്‍ (22), പീടികപ്പറമ്പില്‍ അനീഷ് (26), സിനിത്ത് കണ്ടമ്പുള്ളി (23), സനീഷ് എഴുത്തുപുരയ്ക്കല്‍ (20), അഞ്ഞൂര്‍ സ്വദേശികളായ വാഴപ്പിള്ളി സനോജ് (31), കര്ണ്ണങ്കോട്ട് ബിനീഷ് (37), ദിലിദാസ് പ്ലാങ്ങാട്ട് (32), വെളക്കത്ത് ശ്രീജിത്ത് (21), അമ്പലായില്‍ വിനോദ് (27), വെങ്കളത്ത് രാജേഷ് (26), തോട്ടുപുരയ്ക്കല്‍ അഭിലാഷ് (25), ഞമണേക്കാട് നിഷാദ് (29), ഞമണേക്കാട് സ്വരാജ് (29), പകരായില് മണികണ്ഠന്‍ (20), സുബീഷ് വെങ്കളത്ത് ഞമണേക്കാട് (21), രതീഷ് കടങ്ങായില്‍ (27), ഞമണേക്കാട് സ്വദേശികളായ കാട്ടിശ്ശേരി മണികണ്ഠന്‍ (32), പറയേരിക്കല്‍ വിനോദ് (29), കടത്തായില് ധിനീഷ് അഞ്ഞൂര്‍ (28), വെങ്കളത്ത് രതീഷ് അഞ്ഞൂര്‍ (28) എന്നിവരെയാണ് കുന്നംകുളം എസ്ഐ കെ.ജി. സുരേഷ് പിടികൂടിയത്. കേസ്സില്‍ ഇരുവിഭാഗങ്ങളില്നിന്നായി കണ്ടാലറിയാവുന്ന ഇരുന്നൂറുപേര്ക്കെതിരെയാണ് പോലീസ് കേസ്സെടുത്തത്
*******************************************************************************************
സംസ്ഥാന സ്കൂള് കലോത്സവ വിജയികള്ക്ക് സ്വീകരണം
ഗുരുവായൂര്‍:സംസ്ഥാന-റവന്യൂജില്ലാ സ്കൂള് കലോത്സവങ്ങളില്‍ മികവ് പ്രകടിപ്പിച്ച മീരാ ശ്രീനാരായണന്‍, സ്നേഹ ശശികുമാര്‍, ഷേഹാ ഫൈസല്‍ എന്നിവര്‍ക്ക് ഗുരുവായൂര് പുരാതന തറവാട്ടുകൂട്ടായ്മ സ്വീകരണം നല്കി.
പുത്തമ്പല്ലി കൂട്ടായ്മ ഓഫീസില്‍ നടന്ന സ്വീകരണസമ്മേളനം മലബാര്‍ ദേവസ്വം ബോര്ഡംഗം പി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. തെക്കുമുറി മാധവന് നായര് അധ്യക്ഷത വഹിച്ചു. എ.വേണുഗോപാല്‍, അഡ്വ. ഗിരിജാചന്ദ്രന്‍, രവി ചങ്കത്ത്, എ. ഹരിനാരായണന്‍, ദാമോദരന്‍ നായര്, ബാലന് വാറണാട്ട്, കെ. അനില്കുമാര്‍, മുള്ളത്ത് സരള, ഗീതാ വാഴൂര്‍ എന്നിവര് പ്രസംഗിച്ചു.
******************************************************************************
തിരുവെങ്കിടം ക്ഷേത്രത്തില് ഊട്ടുപുര സമര്പ്പണം
ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ 30 ലക്ഷം രൂപ ചെലവിട്ട് പണിത ഊട്ടുപുരയുടെ സമര്പ്പണം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികളായ ബാലന് വാറണാട്ട്, ജി.കെ. ഗോപാലകൃഷ്ണന്‍, സേതു തിരുവെങ്കിടം എന്നിവര് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് മഹാറാണി അശ്വതിതിരുനാള്‍ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി ചടങ്ങ് നിര്വഹിക്കും. ഗുരുവായൂര് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് അധ്യക്ഷത വഹിക്കും. ബാംഗ്ലൂരിലെ സുധാജനാര്ദനനാണ് ഊട്ടുപുര വഴിപാടായി സമര്പ്പിക്കുന്നത്. ഇനിയുള്ള എല്ലാ ശനിയാഴ്ചകളിലും ക്ഷേത്രത്തില് ഭക്തര്‍ക്ക് സൗജന്യ പ്രസാദഊട്ട് ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഗുരുവായൂര്:ജാതിയുടേയും, മതത്തിന്േറയും പേരില് മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാ ഏര്പ്പാടുകള്ക്കും വിരാമമിടുന്നതിന് പുരോഗമനാശയക്കാര് മുന്നോട്ടുവരണമെന്ന് ഉണ്ണികൃഷ്ണന് പുതൂര് അഭിപ്രായപ്പെട്ടു.
ഗുരുവായൂരില് ഹിന്ദുമത സാംസ്കാരിക സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുതൂര്.
എല്ലാ ജാതിയിലേയും മതത്തിലേയും ദരിദ്രരോട് സാമൂഹിക നീതി പുലര്ത്തണമെന്നും നാടിന്റെ സുരക്ഷ ഒറ്റിക്കൊടുക്കുന്ന നരാധമന്മാര്ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും പുതൂര് പറഞ്ഞു.
സാഗര് ഓഡിറ്റോറിയത്തില് നടന്ന സമ്മേളനത്തില് മാടമ്പ് കുഞ്ഞുകുട്ടന് അധ്യക്ഷനായി. മതം മാറാന് ആര്ക്ക് കഴിയും എന്നാല് ജാതിമാറാന് എളുപ്പമല്ല. അതിന് വകുപ്പും ഇല്ല - മാടമ്പ് പറഞ്ഞു. രണ്ടുലക്ഷം അനുയായികളുമായി ബുദ്ധമതത്തില് ചേര്ന്ന അംബേദ്കര് ആണ് ഹിന്ദുമതത്തെ ശിഥിലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കവി രാധാകൃഷ്ണന് കാക്കശ്ശേരി പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവര്ത്തകനായ ഫാ.ഡേവീസ് ചിറമ്മലിനെ സമ്മേളനത്തില് ഉണ്ണികൃഷ്ണപുതൂര് പൊന്നാടഅണിയിച്ച് പണക്കിഴി നല്കി ആദരിച്ചു. ബന്ധങ്ങള്ക്ക് എല്ലാം ഇന്ന് കാന്സര് ബാധിച്ചിരിയ്ക്കുകയാണ്. സ്നേഹസാന്നിധ്യത്തിന് വേണ്ടി മനുഷ്യന് കേഴുന്നു. ഫാ.ഡേവീസ് ചിറമ്മല് പറഞ്ഞു. പി. ഗോപാലകൃഷ്ണന് നായര്, വി.അച്യുതക്കുറുപ്പ് എന്നിവര് സംസാരിച്ചു.
രാവിലെ നടന്നസാംസ്കാരിക സദസ്സ് തന്ത്രി രാഹുല് ഈശ്വര് ഉദ്ഘാടനം ചെയ്തു. പി.ഗോപാലകൃഷ്ണന് അധ്യക്ഷനായി. കെ.എ.രവീന്ദ്രന്നായര്, പ്രൊഫ. വി.ടി.രമ, കെ.എസ്.ഭരതന്, മണ്ണൂര് പ്രഭാകരന് എന്നിവര് പ്രസംഗിച്ചു.
ഗുരുവായൂര്: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗുരുവായൂര് ക്ഷേത്രസുരക്ഷ ശക്തമാക്കി. ചൊവ്വാഴ്ച ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നവരെ കര്ശനപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര് അറിയിച്ചു. ബാഗുകളൊന്നും കടത്തിവിടില്ല.
തിങ്കളാഴ്ച ഡിവൈഎസ്പിമാരായ ടി.കെ. തോമസ്, വി. രാധാകൃഷ്ണന്‍, സിഐ എസ്. അഭിലാഷ്, എസ്ഐ എം. സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ ബോംബ് -ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തി. കടകള്‍, സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. ക്ഷേത്രത്തിനകത്തേക്ക് മെറ്റല്‍ ഡിറ്റക്ടര്‍ വഴി ഭക്തരെ കടത്തിവിടുന്നതില്‍ പരിശോധന ശക്തമാക്കി. ക്ഷേത്രത്തിന്റെ രണ്ട് നടകളിലും സായുധ പോലീസിനെ നിയോഗിച്ചു.
ഗജരത്നം പത്മനാഭനെ പുറംഎഴുന്നള്ളിപ്പുകള്ക്ക് അയയ്ക്കും
ഗുരുവായൂര്‍: ചില നിബന്ധനകള്ക്ക് വിധേയമായി ഗുരുവായൂരിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ക്ഷേത്രങ്ങളിലേക്കുമാത്രം ഗജരത്നം പത്മനാഭനെ എഴുന്നള്ളിപ്പുകള്ക്ക് അയയ്ക്കാന്‍ ഗുരുവായൂര് ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
ഗുരുവായൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ക്ഷേത്രങ്ങളിലെ ഉത്സവ-പൂര ആഘോഷങ്ങളിലേക്ക് പത്മനാഭനെ വിട്ടുകൊടുക്കാത്ത സാഹചര്യം ആരാധകരില്‍ ഉണ്ടാക്കുന്ന ദുഃഖത്തെക്കുറിച്ച് 'മാതൃഭൂമി' വാര്ത്ത നല്കിയിരുന്നു.
ദേവസ്വം ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, പ്രൊഫ.ടി.ആര്‍. ഹാരി, എ.വി. ചന്ദ്രന്‍, അഡ്വ.കെ.വി. ബാബു എന്നിവര് ചേര്‍ന്ന് വിദഗ്ധരുമായി ഏറെ ചര്ച്ചകള്ക്കുശേഷമാണ് തീരുമാനമെടുത്തത്.
ക്ഷേത്രങ്ങളില്‍ തിടമ്പ്, കോലം കയറ്റി എഴുന്നള്ളിക്കാനേ അയയ്ക്കൂ. രാവിലെ 5 മുതല്‍ 11 വരെയും വൈകുന്നേരം 5 മുതല്‍ 9 വരെയും മധ്യേയായിരിക്കണം എഴുന്നള്ളിപ്പ്. ദിവസം രണ്ട് എഴുന്നള്ളിപ്പുകള്‍ മാത്രം. ഒരുദിവസത്തെ എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ രണ്ടുദിവസം വിശ്രമം നല്കണം. സാധാരണദിവസങ്ങളിലെ ഏക്കം 15,000 രൂപയും വിശേഷദിവസങ്ങളിലേത് 20,000 രൂപയുമാണ്.
*************************************************************************